January 23, 2025
Home » നാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷം മുതൽ ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സുകളുടെ പരീക്ഷ-മൂല്യനിർണയ രീതികളെക്കുറിച്ചും ക്ലാസ്‌റൂം വിനിമയത്തിലെ മാറ്റങ്ങളെക്കുറിച്ചും സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനം 2025 ഫെബ്രുവരിയിൽ പൂർത്തിയാക്കും. SCIENCE, SOCIAL SCIENCE, HUMANITIES & LANGUAGES, COMMERCE എന്നീ നാലു വിഭാഗങ്ങളായി ക്ലസ്റ്റർ തിരിച്ചാണ് പരിശീലനം നൽകുക. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇതിനാവശ്യമായ കൈപ്പുസ്തകം തയ്യാറാക്കി നൽകും.
കേവലം സിലബസ് പൂർത്തീകരിച്ചു പരീക്ഷ നടത്തുകയല്ല നാലുവർഷ ബിരുദം വിഭാവനം ചെയ്യുന്നത്. ഓരോ കോഴ്സിലൂടെയും വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പുവരുത്തലാണ് ഇതിലെ പ്രഥമലക്ഷ്യം. ആവശ്യമായ ക്ലാസുകൾ നടക്കുകയെന്നത് ഇതിനുള്ള അനിവാര്യമായ മുന്നുപാധിയാണ്. രജിസ്ട്രാർമാരുടെ സമിതി തയ്യാറാക്കിയ ഏകീകൃത അക്കാഡമിക് കലണ്ടർ അനുസരിച്ച് സർവ്വകലാശാലകൾ അക്കാഡമിക് കലണ്ടർ രൂപീകരിച്ചതും ഈ അടിസ്ഥാനത്തിലാണ്.
സംസ്ഥാനത്തെ എട്ടു സർവ്വകലാശാലകളിലും 864 അഫിലിയേറ്റഡ് കോളേജുകളിലും നടപ്പിലാക്കി തുടങ്ങിയ നാലുവർഷ ബിരുദ പരിപാടിയുടെ (FYUGP) പുരോഗതി കൊച്ചി സർവ്വകലാശാലയിൽ സർവ്വകലാശാല വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, പരീക്ഷ കൺട്രോളർ, സിണ്ടിക്കേറ്റ് അംഗങ്ങൾ, സർവ്വകലാശാല തല FYUGP കോർഡിനേറ്റർമാർ എന്നിവരുടെ യോഗം ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ വിലയിരുത്തി. കരിക്കുലം വിഭാവനം ചെയ്ത മാറ്റങ്ങൾ കൈവരിക്കൽ സമയവും സാവകാശവും ആവശ്യപ്പെടുന്ന പ്രക്രിയയാണ്. ആ മാറ്റങ്ങൾ FYUGPയുടെ ആദ്യ ബാച്ച് മുതൽ തന്നെ ഉണ്ടാവണമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ കാഴ്ചപ്പാട്. അതിൻ്റെ ഭാഗമായ വിപുലമായ ചർച്ചകളുടെയും അവലോകനങ്ങളുടെയും തുടർച്ചയായാണ് ഇന്ന് വീണ്ടും യോഗം ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *