ഐപിഒയേക്കാൾ കുറഞ്ഞ വിലക്ക് ലിസ്റ്റ് ചെയ്ത ഹ്യുണ്ടായ് ഓഹരികൾ വിപണി തകർച്ചയുടെ പശ്ചാത്തലത്തിൽ കൂടുതൽ ഇടിഞ്ഞ് 1,845 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഐപിഒക്ക് ശേഷം ചൊവ്വാഴ്ചയാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. 1.32 ശതമാനം കുറവോടെ 1,934 രൂപക്കാണ് ഹ്യുണ്ടായി ഓഹരികൾ ലിസ്റ്റ് ചെയ്തത്. 1960 രൂപയായിരുന്നു ഹ്യുണ്ടായിയുടെ ഐപിഒ വില. എന്നാൽ ഇന്ന് ഇന്ത്യൻ വിപണി വൻ തകർച്ച നേരിട്ടത് ഹ്യുണ്ടായിക്കും തിരിച്ചടിയായി.
ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒകളിലൊന്നായിരുന്നു ഹ്യുണ്ടായിയുടേത്. ഹ്യുണ്ടായിയുടെ ഐ.പി.ഒക്ക് വലിയ പിന്തുണയാണ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരിൽ നിന്നും ലഭിച്ചത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ അവർക്ക് അനുവദിച്ച ഭാഗത്തേക്കാളും 6.97 മടങ്ങ് ഓഹരികൾക്കായി അപേക്ഷിച്ചിരുന്നു. ഹ്യുണ്ടായിയുടെ 14.22 കോടി ഓഹരികളാണ് ഐപിഒയിൽ വിറ്റത്. 27,870.6 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ഇത്തരത്തിൽ വിറ്റത്. 1865-1960 രൂപക്കും ഇടയിൽ ഹ്യുണ്ടായ് ഓഹരികൾ ലിസ്റ്റ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഒടുവിൽ 1,934 രൂപക്ക് ഓഹരികൾ ലിസ്റ്റ് ചെയ്യുകയായിരുന്നു. ജാപ്പനീസ് കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി 2003-ൽ ഓഹരി വിൽപന നടത്തിയതിന് ശേഷം 20 വർഷത്തിലാദ്യമായാണ് ഒരു വാഹന നിർമ്മാതാവ് അതിന്‍റെ ആദ്യ ഓഹരി വിൽപ്പന നടത്തുന്നത്.